Signed in as:
filler@godaddy.com
Signed in as:
filler@godaddy.com
പരമഭക്തനായ അർജുനന് പാശുപതാസ്ത്രം (ശിവാസ്ത്രം) നൽകി സന്തുഷ്ടചിത്തനായി ഭക്തരേയും, ലോകത്തേയും അനുഗ്രഹിച്ച് ശ്രീ പാർവതീ സമേതനായി സ്ഥിതി ചെയ്യുന്ന മഹാദേവനാണ് ചുഡുവാലത്തൂർ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠ.
നിളാ നദിയുടെയും അതിനോട് ചേർന്ന് കിടക്കുന്ന പാട ശേഖരങ്ങളുടെയും പരിപാവനതയെ പ്രതിഫലിപ്പിക്കുന്ന പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ചുഡുവാലത്തൂർ മഹാദേവ ക്ഷേത്രം.
മഹാദേവനും ശ്രീപാർവതീ ദേവിയും വിശാലമായ വട്ട ശ്രീകോവിലിനുള്ളിൽ പടിഞ്ഞാറും കിഴക്കുമായി ദര്ശനമരുളുന്നു.
മൂലബിംബം പ്രതിഷ്ഠിച്ചത് ഖരമഹർഷിയാണെന്നാണ് ഐതിഹ്യം.
കന്നിമൂലയിൽ ഗണപതി, മഹാദേവന്റെ ഇടത്തു ഭൂതഗണങ്ങൾ, മതിൽക്കെട്ടിനകത്തു കാർത്യായനീദേവി, ഭദ്രകാളി, പടിഞ്ഞാറുഭാഗത്തു കിഴക്കോട്ടു ദർശനമായി മേൽതേവർ, പത്നീസമേതനായ ശാസ്താവ്, നാഗരാജാവ്, നാഗയക്ഷി, എന്നീ പ്രതിഷ്ഠകളുമുണ്ട്.
ക്ഷേത്രത്തിനു വടക്കു ഭാഗത്ത് വിവാഹ മണ്ഡപവും തീർത്ഥക്കുളവും തെക്കു ഭാഗത്ത് ഗോശാലയും പൂജാകുളവും സ്ഥിതിചെയ്യുന്നു.
മലബാർ ദേവസ്വം ബോർഡിൻറെ മേൽനോട്ടത്തിലുള്ള ക്ഷേത്രത്തിന്റെ ഊരായ്മ മൂത്തേടത്തു മന, തെക്കേപ്പാട്ടു മന, പക്ഷി മന, കൂക്കമ്പാറ മന എന്നീ നാല് കുടുംബങ്ങളാണ്.
ഭക്ത ജനങ്ങളുടെ സഹായ സഹകരണത്തോടുകൂടി ക്ഷേത്ര ഗോപുരം അഗ്രശാല നടപ്പന്തൽ കൊടിമരം എന്നിവ പുതുക്കി പണിതു.
കുംഭ മാസത്തിൽ ശിവരാത്രി കഴിഞ്ഞു വരുന്ന ഉത്രട്ടാതിക്കു കൊടിയേറി തിരുവാതിരക്കു ആറാട്ടോടുകൂടി സമാപിക്കുന്നതാണ് ഉത്സവം. മീന മാസത്തിലെ രോഹിണിയാണ് പ്രതിഷ്ഠാദിനം.
ശിവരാത്രി ദിവസവും ഉത്സവ ദിവസങ്ങളിലും വിശേഷ പൂജകളും ആഘോഷങ്ങളും നടക്കുന്നു. ശിവരാത്രിനാളിലെ ശയനപ്രദക്ഷിണം പ്രത്യേകതയാണ്.
എല്ലാ പ്രദോഷ ദിവസങ്ങളിലും മഹാദേവന് പ്രത്യേക പ്രദോഷ പൂജ നടത്തുന്നു.
വെളുത്തപക്ഷത്തിലെ പ്രദോഷം ദിവസം ദീപാരാധനയ്ക്കു ശേഷം വൈദികൻ ചെറുമുക്ക് വല്ലഭൻ അക്കിത്തിരിപ്പാടിന്റെ മേൽനോട്ടത്തിൽ വാരമിരിക്കൽ എന്ന വേദോപാസനയും നടത്തി വരുന്നു.
ശിവരാത്രി ഉത്സവ ദിനങ്ങളിൽ ചുഡുവാലത്തൂർ ദേശാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ക്ഷേത്ര കലാപരിപാടികളും ആഘോഷങ്ങളും നടത്തിവരുന്നു.
ഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, ഉമാമഹേശ്വര പൂജ, ഉദയാസ്തമന പൂജ, പൂമൂടൽ എന്നിവയാണ് പ്രധാന വഴിപാടുകൾ.
ഷൊർണൂർ റയിൽവേസ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തിൽ ബെപാസ് റോഡിൽ ചുഡുവാലത്തൂർ ബസ് സ്റ്റോപ്പിൽ നിന്ന് കിഴക്കുമാറി പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ ക്ഷേത്രം സ്ഥിതിചെയ്യുന്നു.
Chuduvalathur Shiva Temple
Chuduvalathur Shoranur
Copyright © 2022 Chuduvalathur Shiva Temple