Signed in as:
filler@godaddy.com
Signed in as:
filler@godaddy.com
ക്ഷേത്ര ചരിത്രം :-
-----------------------------------------
യുഗാന്താരത്തിൽ ഭഗവാൻ ശിവൻറെ പരമഭക്തനായ 'ഖര മഹർഷി' യാൽ പ്രതിഷ്ഠിച്ച് സാന്നിദ്ധ്യപ്പെടുത്തിയതാണ് ഈ ക്ഷേത്രം എന്നാണ് സങ്കൽപ്പം. അക്കാലത്ത് ഈ പരിസരം ജനവാസമില്ലാതെ കാടുപിടിച്ച് കിടന്നിരുന്നതും, കാലാന്തരത്തിൽ ജനവാസം ഉണ്ടായതുമാകുന്നു. അങ്ങിനെ ജനങ്ങളുടെ താൽപര്യാർത്ഥം പ്രതിഷ്ഠിച്ച ശിവസാന്നിധ്യമാണ് നമ്മൾ ആരാധിച്ചുപോരുന്ന മേൽതേവർ. മേൽതേവരുടെ ഉപദേവനായി ശാസ്താവിനെയും സാന്നിദ്ധ്യപ്പെടുത്തി. ഈ ദേവൻറെ പരിസരം വെട്ടിതെളിക്കുകയും തത്ഫലമായി ഖര പ്രതിഷ്ഠപിതമായ ശിവലിംഗം കാണാനിടവരികയും ചെയ്തു. അതിനുശേഷം താന്ത്രികവിധി പ്രകാരം കർമ്മാദികളും സാന്നിധ്യവൃത്തികരങ്ങളായ കർമ്മങ്ങളും ചെയ്ത് ദേവനെ ശുദ്ധിവരുത്തുകയും ചൈതന്യം വീണ്ടെടുത്ത് ആരാധിക്കാൻ തുടങ്ങുകയും ചെയ്തു.
ക്ഷേത്രത്തിലെ ഇന്ന് കാണുന്ന കിണർ പുരാതനകാലത്ത് ഒരു തടാകത്തിൻറെ ഭാഗമായിരുന്നതായും, ദേവാങ്കനമാരുടെ ക്രീഡാരംഗമായിരുന്നെന്നും ക്രമത്തിൽ തടാകത്തെ ചുരുക്കി ക്രമീകരിച്ച് ദേവാലയത്തിന് ഉപയോഗപ്രദമായ രീതിയിൽ തീർത്ഥകിണർ ആക്കി മാറ്റുകയും ചെയ്തു എന്നു പറയപ്പെടുന്നു.
അതിനുശേഷം കാലാന്തരത്തിൽ അന്യമതസ്ഥരുടെ ആക്രമണം കാരണം ബിംബത്തിന് വൈകല്യം സംഭവിച്ചതായും ക്ഷേത്ര നാശം വന്നതായും പറയപ്പെടുന്നു. പിന്നീട് ബ്രാഹ്മണ കുടുംബങ്ങൾ സംഘടിച്ച് ക്ഷേത്രം പുനരുദ്ധാരണം നടത്തി നഷ്ട്ടപ്പെട്ട ചൈതന്യം വീണ്ടെടുക്കുകയും ചെയ്തു.
പരമഭക്തനായ അർജുനന് പാശുപതാസ്ത്രം (ശിവാസ്ത്രം) കൊടുത്ത് സന്തുഷ്ടചിത്തനായി ഭക്തരേയും, ലോകത്തേയും അനുഗ്രഹിച്ച് നിൽക്കുന്ന ശാന്ത സ്വരൂപനായ, പാർവതി സമേതനായ ഭഗവാൻ ശിവൻ പടിഞ്ഞാട്ടും ശ്രീപാർവതി ദേവി കിഴക്കോട്ടും തിരിഞ്ഞാണ് ദർശനമരുളുന്നത് . ഉമാമഹേശ്വരന്മാരുടെ സാന്നിദ്ധ്യം ഉള്ളതുകൊണ്ട് ഇവിടെ വരുന്ന അനേകം ഭക്തജനങ്ങൾ ഉമാമഹേശ്വര പൂജ നടത്തിവരുന്നു. വിവാഹപ്രായമെത്തി നിൽക്കുന്ന കന്യകമാർക്ക് മംഗല്യഭാഗ്യം നേടുവാൻ ഈ പൂജ വളരെയധികം ഉത്തമാമാണെന്നാണ് പരമ്പരാഗത വിശ്വാസം.
ചുഡുവാലത്തൂർ പരിസരത്ത് നിത്യനിദാനങ്ങളില്ലാതെ ഇടിഞ്ഞ് പൊളിഞ്ഞ് ചൈതന്യമില്ലാതെ കിടന്നിരുന്ന കാർത്ത്യായനി ക്ഷേത്രത്തിലെ സ്വത്ത് ദേവസ്വത്തിൽ ലയിപ്പിക്കുകയും അവിടെ നിന്ന് ദേവീസാന്നിദ്ധ്യത്തെ മതിൽക്കകത്ത് പ്രതിഷ്ഠിച്ച് ഇവിടുത്തെ ഉപദേവതയായി ആരാധിച്ചുപോരുന്നതാണ് ഇന്ന് കാണുന്ന കാർത്ത്യായനി ദേവി. ഈ ദേവിയുടെ ശ്രീകോവിലിന്റെ തെക്കുപടിഞ്ഞാറ് മൂലയിൽ ഗണപതിയെ ശിലയിൽ കൊത്തി സാന്നിദ്ധ്യപ്പെടുത്തിയിട്ടുണ്ട്.
Chuduvalathur Shiva Temple
Chuduvalathur Shoranur
Copyright © 2022 Chuduvalathur Shiva Temple